Tuesday, March 16, 2010

ആരുദ്ര

ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആരുദ്ര എന്ന രണ്ടര വയസ്സുകാരിയുടെ ഓര്‍മ്മയ്ക്ക്..എന്നോ കൈവിട്ട ഭാഷകളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയവളുടെ ഓര്‍മ്മയ്ക്ക്...

നഗരം നഗരത്തെ
പകര്‍ത്തിയെഴുതുന്നതിനിടെ
വിട്ടു പോയ
അക്ഷരങ്ങളുടെ പരപ്പ്‌
ചുറ്റിലും, യാത്രയില്‍.

എന്നോ കൈവിട്ട ഭാഷകള്‍
തേടി വന്ന ഒരു തോണി
നങ്കൂരമിട്ടിരിക്കുന്നു, 
ഓര്‍മ്മയില്‍ മാത്രം
ജലമൂറുന്ന ഒരു നദിയില്‍.
ഒരു നഷ്ട കവനത്തിന്റെ
വിരല്‍ചിത്രം.

വഴികാട്ടിയായ നക്ഷത്രത്തിന്‌
ആരുദ്ര എന്ന്‌ പേര്‍.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.
ബോധിവൃക്ഷത്തിണ്റ്റെ
ഒടുവിലത്തെ വിത്ത്‌.

നഗരം നഗരത്തെ
പകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്‌, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച്‌ പൊന്തുന്ന
ഒരു കാലം വരും.

ഒരു മഷിത്തണ്ടിനും 
മായ്ക്കാനരുതാത്ത ഒരു ഭാഷ
അന്നു നമ്മെയുണര്‍ത്തുന്ന
ആ നിമിഷം വരേയ്ക്കെങ്കിലും 
ആര്‍ക്കുമൊന്നിനുമൊരിക്കലും
ശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം.

കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക്‌ ഗുരു.

Thursday, March 11, 2010

മിന്നാമിന്നികള്‍

ഇരുട്ട്‌ പുതച്ച്‌
മേലോട്ട്‌ നോക്കി
കിടക്കുമ്പോള്‍, കണ്ടു, 
മിന്നാമിന്നികള്‍ നെയ്ത
നക്ഷത്രമേലാപ്പ്‌.
ചുറ്റിലുമുറങ്ങുന്നവര്‍
വായിക്കാതെ പോയ 
ആകാശപ്പതിപ്പ്‌.

നിറഞ്ഞ മുലകളില്‍
നിന്നെന്ന പോലെ,
തുളുമ്പിത്തെറിക്കുന്നു
ആഹ്ളാദത്തിന്റെ
വെണ്‍തരികള്‍
ഉടലാകെ, മനമാകെ.

Thursday, March 4, 2010

ഈ വേനലിന്നുച്ചയില്‍

പൂവുകളിലകള്‍, ചില്ലകള്‍
ഒക്കെയും നിന്നു കത്തുന്ന
ഈ വേനലിന്നുച്ചയില്‍
പച്ചത്തീയാളുന്ന കണ്ണേറില്‍
നിന്നൊളിച്ചു ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.

കീറിയ കമ്പിളിയില്‍
പുതഞ്ഞിരുന്നൊരു
നഗരമെന്നെയും
കണ്ണില്‍ തറയ്ക്കുന്നു,
നാക്കില്‍ കൊരുക്കുന്നു,
വേരോടെ വിഴുങ്ങുന്നു;
വായടയ്ക്കാനും തുറക്കാനുമാകാതൊരു
മഹാനഗരം നിന്ന്‌ കത്തുന്നു.

മങ്ങിത്തുടങ്ങുന്ന കാഴ്ചയില്‍
പതിയുന്നുണ്ടൊരു പൂക്കാരി.
അവളോ,
പണി തീരാത്തൊരമ്പലനടയില്‍
പൊടിയും പുകയും
ചൂടിയ, പൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു;
തലയെണ്ണമറിയാത്ത
തിരക്കിലിരുന്നൊറ്റയ്ക്ക്‌ 
ചെറുപൂവുകള്‍
കോര്‍ത്ത്‌ വില്‍ക്കുന്നു.

ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.