Tuesday, July 5, 2011

മധുശാല

രാവിന്റെ ചില്ലുപാത്രങ്ങള്‍
ഉടഞ്ഞു തീരുന്നു,
മധു തേടി വന്നവര്‍ 
പൂക്കളായ് മടങ്ങുന്നു.
ഏകാകിയായ്‌ 
ഉന്മാദിയായ്, മധുശാല. 

കണ്ണാടിച്ചുമരുകളില്‍ 
പരസ്പരം രമിക്കുന്നു 
ലഹരിയുടെ  
ആയിരം കണ്ണുകള്‍,
പതിനായിരം കാഴ്ചകള്‍. 

ചതുരത്തില്‍ 
ദീര്‍ഘചതുരത്തില്‍ 
വൃത്തത്തില്‍ 
ദീര്ഘവൃത്തത്തില്‍ 
ആകൃതിയായ ആകൃതികളില്‍  
തച്ച് കൊത്തുന്ന ലഹരി.
സൃഷ്ടാവായ്, മധുശാല.

മധുശാലയിലെ 
പല വാതിലുകളുള്ള 
മുറിക്കുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു മുറി....അതിനുള്ളില്‍ 
പല വാതിലുകളുള്ള 
ഒരു ആകാശം.

ആകാശത്തിലെ തെരുവുകളില്‍ 
വാക്കുകളുടെ കാര്മേഘപ്പാച്ചില്‍;
പഞ്ചേന്ദ്രിയങ്ങളില്‍
ലഹരിയുടെ മിന്നല്‍പ്പിണര്‍. 

പെയ്തൊഴിയാതെ 
ഒരു മധുശാല. 

11 comments:

  1. രാമൊഴിയാത്തതെന്തേ എന്നോർക്കുകയായിരുന്നു. രാവിൽ മധുശാലയുടെ തീരാത്ത ലഹരിമുറികൾ, ലഹരിയുടെ തരിപ്പുകൾ,സിരകളിൽ പെയ്ത്ത്,ഒന്നിനൊന്നുള്ളിൽ.

    ReplyDelete
  2. രാവില്‍ മാത്രം പെയ്തൊഴിയാത്ത മധുശാല..
    പകല്‍ വെളിച്ചത്തില്‍ വെറും ഒരു മുറി?

    ReplyDelete
  3. നഖം ഇതില്‍ ആകാശമില്ല എന്നാല്‍

    നഖമില്ലാതെ ഒന്നുമാകില്ല

    നുരപത കൊള്ളുമാ ലഹരിക്കൊപ്പം

    നാണിക്കാതെ ആകാശം തേടുന്ന ഒരു നല്ല കവിത

    ReplyDelete
  4. വെറും ഒരു മുറി രാത്രിയില്‍ ലഹരി വിതറുമ്പോള്‍.

    ReplyDelete
  5. kavitha nannayi
    but its too long
    ithrayum words veno ithu parayan?

    ReplyDelete
  6. എന്തു പറ്റി.
    ആളുമാറിയ പോലെതോന്നി.
    രാമൊഴിക്കവിതകളുടെ സ്വഭാവമേ ഇതിനല്ല.
    ആഴമില്ലാതെ പരന്ന്. ..
    സത്യം പറഞ്ഞാല്‍,
    പല വാതിലുകളുള്ള ആകാശത്തെയും
    ആകാശത്തെ തെരുവുകളെയും കുറിച്ച്
    പറയുന്ന വരികള്‍ ഒഴിച്ചാല്‍
    ഒരു ഫീലുമില്ലെന്ന് തോന്നി.

    ReplyDelete
  7. ഇതേത് മധുശാല...!!???
    പെയ്തൊഴിയാതെ!!!!

    ReplyDelete
  8. മധുശാലയിലെ
    പല വാതിലുകളുള്ള
    മുറിക്കുള്ളില്‍
    പല വാതിലുകളുള്ള
    ഒരു മുറി....അതിനുള്ളില്‍
    പല വാതിലുകളുള്ള
    ഒരു ആകാശം

    ReplyDelete
  9. എവിടെയോ കറങ്ങിത്തിരിച്ചവിടെത്തന്നെ വീണു..

    ReplyDelete
  10. ഓരോ മധുശാലയും പറയുന്നത് ഒരേ കാര്യമാണ്. എന്റെ കൂട്ടില്‍ സ്വസ്ഥമായി ഇരുന്നു രമിക്കൂ എന്ന്.
    നുരയുന്ന ഗ്ലാസ്സുകളില്‍ പ്രതിധ്വനിക്കുന്നത് അതുതന്നെ... പെയ്തൊഴിയില്ല മധുശാല .
    നല്ല കവിത.

    ReplyDelete